Latest NewsKeralaNews

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി ആത്മഹത്യയാക്കിയ സംഭവം, കേസില്‍ പ്രതികളായ മകളെയും മരുമകനെയും വെറുതെവിട്ട് ഹൈക്കോടതി

കൊച്ചി: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി ആത്മഹത്യയാക്കിയെന്ന കേസില്‍ പ്രതികളായ മകളേയും മരുമകനേയും വെറുതെ വിട്ട് ഹൈക്കോടതി. കീഴ്‌കോടതി ജീവപര്യന്തം ശിക്ഷിച്ച മകളെയും മരുമകനെയുമാണ് തെളിവില്ലെന്ന കാരണത്താല്‍ ഹൈക്കോടതി വെറുതെവിട്ടത്. സംശയാതീത തെളിവുകളില്ലാതെ, സാധ്യതകള്‍ മാത്രം പരിഗണിച്ച് ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ വിചാരണക്കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിരീക്ഷണത്തോടെയാണ് കഠിനംകുളം മര്യനാട് സ്വദേശി ഡൊമിനിക് മരിച്ച കേസിലെ പ്രതികളായ ഷാമിനി, ബിജില്‍ റോക്കി എന്നിവരുടെ ശിക്ഷ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

Read Also : ‘പോലീസിൽ സമൂലമായ മാറ്റം അനിവാര്യമാണ്, അല്ലാത്ത പക്ഷം ഭരിക്കുന്നവരെ ജനം വെറുത്തുപോകും’ : വൈറൽ കുറിപ്പ്

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 2007 ആഗസ്റ്റ് ആറിന് മകളും മരുമകനും മക്കളും ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചെന്നാണ് കേസ്. മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും തലക്ക് പരുക്കുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് കൊലക്കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

മരണപ്പെട്ട ഡൊമിനിക്കിനൊപ്പം ഒരു വീട്ടില്‍ താമസിച്ചിരുന്നുവെന്നല്ലാതെ, പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്നതിന് തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിതാവ് ആത്മഹത്യ ചെയ്തതിന്റെ ദുഷ്‌പേര് ഒഴിവാക്കാനാകാം മക്കള്‍ പോസ്റ്റ്‌മോര്‍ട്ടത്തെ എതിര്‍ത്തത്. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനായി സ്വാഭാവിക മരണമാണ് നടന്നതെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമിക്കും.

ഇത് കൊലപാതകം നടത്തിയത് അവരാണെന്ന സംശയത്തിലേക്ക് എത്തിക്കുന്നുവെന്ന പേരില്‍ ശിക്ഷ നല്‍കാനാവില്ല. കൊലപാതകവുമായി ബന്ധപ്പെടുത്തി തെളിവുകളൊന്നും ഇല്ലെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button