ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ തേടി ഇന്ത്യയും ബ്രിട്ടനും. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ‘അശ്വഗന്ധ’ (അമുക്കുരം) ഫലപ്രദമാണോയെന്ന് കണ്ടെത്താനുള്ള പഠനത്തില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. ആയുഷ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടനിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചാണ് ആയുഷ് മന്ത്രാലയം പഠനം നടത്തുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയും (എ.ഐ.ഐ.എ) എല്‍.എസ്.എച്ച്.ടി.എമ്മും ചേര്‍ന്ന് ബ്രിട്ടനിലെ ലെസ്റ്റര്‍, ബര്‍മിംഗ്ഹാം, ലണ്ടന്‍ എന്നീ നഗരങ്ങളിലെ 2000 പേരില്‍ അശ്വഗന്ധയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തും. ഇതിന്റെ ഭാഗമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
മൂന്ന് മാസത്തേയ്ക്ക് 1000 പേര്‍ക്കാണ് അശ്വഗന്ധ ഗുളികകള്‍ നല്‍കുക. അവശേഷിക്കുന്ന 1000 പേര്‍ക്ക് രുചിയിലും കാഴ്ചയിലും വ്യത്യാസമില്ലാത്തതും ഔഷധ ഗുണമില്ലാത്തതുമായ ഗുളികകള്‍ നല്‍കും. ഇവ ഒരു ദിവസം രണ്ട് നേരമാണ് കഴിക്കേണ്ടത്. തുടര്‍ന്ന് ഇവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ മാസവും അവലോകനം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുക.
Post Your Comments