ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ട മകൾ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യൻ സേവ്യർ സുപ്രീം കോടതിയെ സമീപിച്ചു. ഐഎസിൽ ചേർന്ന ഭർത്താവിനൊപ്പം രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്നാണ് പിതാവ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ വെച്ച് ഭർത്താവ് അബ്ദുൾ റഷീദ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞും ജയിലിലാണ്. ആയിഷയുടെ ഏഴ് വയസ്സുള്ള മകൾ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. കേരളത്തിൽ നിന്നും ഐ എസിൽ ചേരാൻ പോയ മറ്റു സ്ത്രീകളും ഇവർക്കൊപ്പം ജയിലിലാണ്. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയ സാഹചര്യത്തിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നിയന്ത്രണം നേടുകയാണ്.
നിലവിലെ സാഹചര്യത്തിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്നും വിദേശത്ത് നിന്നെത്തി ഭീകര പ്രവർത്തനം നടത്തിയ ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടുമെന്നും സെബാസ്റ്റ്യൻ ഹർജിയിൽ പറയുന്നു. ആയിഷ ദേശീയ അന്വേഷണ ഏജൻസിയുടെ യുഎപിഎ കേസിൽ പ്രതിയാണ്. 2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യൻ സേവ്യറിന്റെ ഹർജി. ഇരുവരെയും തിരിച്ചെത്തിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് സെബാസ്റ്റ്യൻ സേവ്യർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
Post Your Comments