എ.ടി.എം മെഷീനിന്റെ ഉപയോഗം എല്ലാവർക്കും അറിയാവുന്നതല്ലേ? കാർഡ് കൊണ്ട് പോയി എ ടി എം മെഷീനിൽ ഇടുമ്പോൾ നമുക്ക് ആവശ്യമായ പണം എ.ടി.എം തരുന്നു. ഇതേ പ്രവൃത്തി ജീവനുള്ള ഒരു മനുഷ്യനാണ് ചെയ്യുന്നതെങ്കിലോ? അതായത് എ.ടി.എം കാർഡ് കൊണ്ടുപോയി കൊടുത്താൽ നമ്മൾ പറയുന്ന തുക നമുക്ക് തരുന്ന ആളുണ്ട്. സംഭവം ഇന്ത്യയിൽ നടപ്പിലായിട്ട് ഏകദേശം ഒരു വർഷമായെങ്കിലും ഇപ്പോഴും അധികമാർക്കും ഈ സംഭവത്തെ കുറിച്ച് അറിയില്ല.
ഹ്യൂമൻ എ.ടി.എം അഥവാ മൈക്രോ എ.ടി.എം എന്നാണു ഇതിനെ വിളിക്കുന്നത്. എ.ടി.എം. കേന്ദ്രങ്ങൾക്കു മുന്നിൽ വരിനിൽക്കാതെ പണം ലഭ്യമാകുന്ന സംവിധാനമാണിത്. പണം നിറച്ചുവയ്ക്കുന്ന വലിയ എ.ടി.എമ്മുകൾക്കു പകരം കൈവെള്ളയിൽ ഉപയോഗിക്കുന്ന ചെറിയ യന്ത്രമാണ് മൈക്രോ എ.ടി.എമ്മുകൾ. ഇതിൽ എ.ടി.എം. കാർഡ് ചിപ്പ് ചെയ്തും സ്വൈപ്പ് ചെയ്തും ഉപയോഗിക്കാം. നമ്മുടെ കാർഡിന്റെ പിൻ ടൈപ്പ് ചെയ്ത് അംഗീകരിക്കുന്നതോടെ യന്ത്രത്തിൽനിന്ന് പേപ്പർ സ്ലിപ്പ് ലഭിക്കും. യന്ത്രം കൈയ്യിലുള്ളയാൾ നമുക്ക് ആവശ്യമായ തുക തരും. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് പണം കൈമാറും. ഭാരത് പെട്രോളിയത്തിന്റെ പമ്പുകളിലാണ് നിലവിൽ മൈക്രോ എ.ടി.എം സംവിധാനമുള്ളത്.
Also Read:ചര്‍മത്തിന്റെ ആരോഗ്യത്തിനായി പലതരത്തിലുള്ള ജ്യൂസുകളെ കുറിച്ചറിയാം
പെട്രോൾ പാമ്പിന് പുറമെ, ഗ്രാമങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളിലും ഈ സംവിധാനമൊരുക്കിയിട്ടുണ്ട്. കാർഡില്ലാത്ത പക്ഷം ആധാർ കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാം. യന്ത്രത്തിൽ കാർഡ് ഉരസുന്നുണ്ടെങ്കിലും പണം മനുഷ്യർ നൽകുന്നതിനാൽ ആണ് ഇതിനെ ‘ഹ്യൂമൻ എ.ടി.എം.’ എന്ന് വിളിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 20-ലേറെ ഭാരത് പെട്രോളിയം പമ്പുകളിലും 50-ഓളം വാണിജ്യകേന്ദ്രങ്ങളിലും മൈക്രോ എ.ടി.എം. സ്ഥാപിച്ചിട്ടുണ്ട്.
2017-ൽ റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ച സംവിധാനമാണിത്. മറ്റ് ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന് സർവീസ് ചാർജ്ജ് ഈടാക്കും. തിരക്കിൽനിന്നൊഴിഞ്ഞും സുരക്ഷിതമായും എ.ടി.എം. സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കും. പണം പിന്വലിക്കുന്നതോടൊപ്പം, മൈക്രോ എ ടി എം വഴി നമ്മുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കാനും സാധിക്കും.
Post Your Comments