ന്യൂഡല്‍ഹി : കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം, വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും.
കഴിഞ്ഞ ദിവസം റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജിയും നാളെ പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.
Read Also : ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെയാണ് പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പള്ളിയിൽ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എൻട്രി ജോലികളും ചെയ്തിരുന്ന പെൺകുട്ടിയെ, ഇയാൾ കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കേസിനെത്തുടർന്ന് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കി. കേസിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കുറ്റം ചുമത്താൻ ശ്രമമുണ്ടായി. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
Post Your Comments