കൊച്ചി : രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസൽ വില 89.87 രൂപയുമായി തുടരുകയാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.
കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. കേരളത്തിൽ ഇന്ധന വില്‍പ്പനയിലൂടെ നികുതിയിനത്തില്‍ സര്‍ക്കാരിന് ഒരുമാസം ലഭിക്കുന്നത് ശരാശരി 592.90 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍ . 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 സാമ്പത്തിക വര്‍ഷംവരെയുള്ള 63 മാസത്തെ കണക്ക് പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇന്ധന നികുതി ഇനത്തില്‍ ലഭിച്ചത് 37,353.13 കോടി രൂപയാണ്. ഇതില്‍ 19,507.01 കോടി രൂപ ഡീസല്‍ വില്‍പ്പനയില്‍ നിന്നും 17,846.12 കോടി പെട്രോള്‍ വില്‍പ്പനയില്‍ നിന്നുമാണ്.
നികുതിയിനത്തില്‍ ചെറിയ കുറവിലൂടെ സംസ്ഥാന സര്‍ക്കാരിനും അല്‍പ്പം കരുണകാണിക്കാമെന്ന് വിവരാവകാശ നിയമപ്രകാരം വിവരം തിരക്കിയ എറണാകുളം സ്വദേശി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 13 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.
Post Your Comments