ചെന്നൈ: 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം അനുവദിച്ച് മധുരയിലെ ഒരു ക്ഷേത്രം. ആനയൂര് കോകുലം ഗ്രാമത്തിലെ ദളിതുകള്‍ക്കാണ് പോലീസ് സംരക്ഷണത്തോടെ ക്ഷേത്ര പ്രവേശനം സാധ്യമായിരിക്കുന്നത്. ഇവരുടെ അഭിമാനവും സാമ്പ്രദായിക അവകാശവും ഒരുപോലെ സ്ഥാപിച്ച് കിട്ടിയ ദിനം കൂടിയായിരുന്നു ഇത്. ജൂലായ് മുപ്പതിനാണ് ഇവര്‍ക്ക് ക്ഷേത്ര പ്രവേശനം സാധ്യമായതെന്ന് പോലീസ് പറയുന്നു. ഈ മേഖലയിലെ ദളിതുകള്‍ പല പോരാട്ടങ്ങളും നടത്തിയാണ് ഇത് സാധ്യമാക്കിയത്. നിയമപോരാട്ടം വരെ ഒടുവില്‍ ഇവര്‍ നടത്തിയിരുന്നു.
തിരുമംഗലം പഞ്ചായത്തിലെ ആനയൂര് കോകുലം ഗ്രാമത്തിന് ചുറ്റും ആറ് ഗ്രാമങ്ങളാണ് ഉള്ളത്. ഇവയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന വിഭാഗമാണ് പിരമാലൈ കല്ലാറുകള്. അരുള്‍മിഗു കറുപ്പന്‍സ്വാമി ക്ഷേത്രത്തില്‍ ഇവര്‍ക്കായിരുന്നു ആധിപത്യം. ഇവിടെ പൂജാരി മുത്തയ്യ ദളിതായിരുന്നു. മറ്റ് വിഭാഗങ്ങളെ ഈ ക്ഷേത്രത്തിലേക്ക് കയറ്റിയിരുന്നില്ല. പൂജാരി ദളിതായിരുന്നിട്ടും ദളിത് വിഭാഗത്തിന് ക്ഷേത്ര പ്രവേശനം സാധ്യമായിരുന്നില്ല. അതേസമയം 50 പേര് അടങ്ങുന്ന ദളിതുകളാണ് പോലീസിന്റെ സംരക്ഷണയില്‍ ക്ഷേത്ര പ്രവേശം നടത്തിയത്.
ദളിതുകള്‍ കയറിയതോടെ പൂജാരി അടക്കമുള്ള വിഭാഗം ക്ഷേത്രത്തില്‍ കയറാതെ വിട്ടുനിന്നു. പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവിടെ പൂജ ചെയ്യാനാവില്ലെന്ന് ക്ഷേത്ര പൂജാരി അറിയിക്കുകയായിരുന്നു. മറ്റൊരു പൂജാരിയെ കൊണ്ടുവന്നാണ് ഇവിടെ വഴിപാടുകള്‍ കഴിപ്പിച്ചത്. നേരത്തെ ഈ ഗ്രാമത്തിലെ ദളിതുകള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇതിനുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കണമെന്നും, അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതി വിധി വന്നതോടെ മധുരൈ കളക്ടര്‍ എസ് അനീഷ് ശേഖറും പോലീസും ചേര്‍ന്ന് ഇവിടെയുള്ള ഗ്രാമവാസികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദളിത് വിഭാഗത്തിന് ക്ഷേത്രപ്രവേശനം അനുവദിച്ചത്.
Post Your Comments