ന്യൂഡൽഹി: തുടർച്ചയായി പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ പ്രതിഷേധം നടത്തുന്നതിനും വിസിലടിച്ചതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ചെയര്‍മാന്‍ വെങ്കയ്യ നായിഡു. ഇത്തരം പെരുമാറ്റങ്ങള്‍ സഭയുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് നായിഡു പറഞ്ഞു.
ഒന്നുകില്‍ സഭ ചന്തയാവാന്‍ അനുവദിക്കണം അല്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ചില അംഗങ്ങള്‍ വിസിലടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലര്‍ മാര്‍ഷലുകളുടെ തോളില്‍ കൈയ്യിടുന്നതും കണ്ടു. അവരെ അതിന് പ്രേരിപ്പിക്കുന്നത് എന്താണെന്ന് അറിയില്ല.
ചിലര്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നുണ്ട്. ഒന്നുകില്‍ ഇത് അവഗണിക്കണം. എന്നിട്ട് ഓരോരുത്തരും വിസിലടിക്കട്ടെ. അല്ലെങ്കില്‍ നടപടിയെടുക്കണം. ചെയര്‍മാന്റെ വേദിയില്‍ നിന്നും ഇതു പറയേണ്ടി വരുമെന്ന് അത്തരമൊരു അവസ്ഥയിലേക്ക് ഇത് തരംതാഴുമെന്ന് കരുതിയില്ലെന്നും നായിഡു പറഞ്ഞു.
പാർലമെന്റ് കൂടാൻ സമ്മതിക്കാതെ പ്രതിപക്ഷം നിരന്തരം സഭ സ്തംഭിപ്പിക്കുന്നതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിനിടെ പല ബില്ലുകളും സർക്കാർ പാസാക്കി എടുക്കുകയും ചെയ്തു.
Post Your Comments