KeralaLatest NewsNews

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു: കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

Also Read: ക്ഷേത്രത്തിന്റെ പണം മറ്റ് മതസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്, കര്‍ണാടക സർക്കാരിന്റെ പുതിയ ഉത്തരവ്

സംസ്ഥാനത്ത് 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കി.

സ്ത്രീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ച് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 3,05,308 പേര്‍ക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.

2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ഏകദേശം 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേര്‍ക്ക് (5,15,241) വാക്‌സിന്‍ നല്‍കിയത്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഇനിയും കൂടുതല്‍ വാക്‌സിനെത്തിയാല്‍ ഇതുപോലെ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 3,59,517 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 1,546 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇന്ന് 4 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്‌സിനാണ് ലഭ്യമായതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button