ന്യൂഡൽഹി : കേന്ദ്രത്തിന്റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്‍റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഏറ്റവും കൂടുതൽ നൽകിയിരിക്കുന്നത് ഉത്തർപ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.
അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേർക്ക് രോഗം സ്ഥിരീകരിച്ചു. 593 പേർ കോവിഡ് ബാധിച്ചു മരിച്ചു. 2.42 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
Read Also : എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു: പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍
അതിനിടെ, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്. രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments