KeralaLatest NewsNews

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സുതാര്യമാക്കും: കെ-സിസ് ഒരുങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കാന്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ -സിസ് (Kerala – CentraI Inspection System) ഒരുങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ നടത്തിപ്പിനായി തയ്യാറാക്കിയ വെബ്‌ പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കെ-സിസ് പ്രവര്‍ത്തനം ആരംഭിക്കും.

Also Read: കോവിഷീൽഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിൻ പരീക്ഷണം വിജയകരം: പാർശ്വ ഫലങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി നടത്തുകയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്.

സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. പരിശോധനാ ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും നടക്കുക.

പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോര്‍ട്ടല്‍ തന്നെ തെരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്‌പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തും. പരിശോധനാ അറിയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ -സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. പോര്‍ട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ലോഗിന്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശോധനക്കായി സംരഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോര്‍ട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഒരു സ്ഥാപനത്തില്‍ നടത്തിയ പരിശോധനകളുടെ ചരിത്രവും പോര്‍ട്ടലിലൂടെ അറിയാം. പരിശോധനാ റിപ്പോര്‍ട്ട് സംരംഭകന് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.അഗ്‌നി രക്ഷാ സേനാ, ഭൂഗര്‍ഭ ജല അതോറിറ്റി തുടങ്ങി കൂടുതല്‍ വകുപ്പുകള്‍ ഭാവിയില്‍ പോര്‍ട്ടലിന്റെ ഭാഗമായി മാറും. സംരഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കെ-സിസ് സഹയാകമാകുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button