തിരുവനന്തപുരം: സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ വായ്പാ സഹായം ബാങ്കുകള്‍ ലഭ്യമാക്കണമെന്നും കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് ഒന്നാം തരംഗവും അതിന് മുമ്പുള്ള പ്രകൃതി ദുരന്തങ്ങളും വലിയ രീതിയില്‍ ബാധിച്ച ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപാധികളില്ലാതെ 2021 ഡിസംബര്‍ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
Post Your Comments