ചേര്‍ത്തല: ഹരികൃഷ്ണയെ കൊലപ്പെടുത്തിയ രീതി പോലീസിനോട് വിവരിച്ചു രതീഷ്. ഹരികൃഷ്ണയെ സ്കൂട്ടറില്‍ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. ജോലി കഴിഞ്ഞു വന്ന തന്നെ സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വീട്ടിലെത്തിച്ചത് എന്തിനെന്ന് വീട്ടിലേക്കു കയറുന്നതിനു മുന്‍പ് യുവതി ചോദിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളില്‍ ഇരുത്തിയത്.
തുടർന്നുണ്ടായ തർക്കത്തിൽ യുവതിയെ പ്രതി കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു. ബോധരഹിതയായി നിലത്തു വീണ യുവതിയെ പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മരണം ഉറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു. നടക്കല്ലില്‍ വച്ച മൃതദേഹം കമഴ്ന്നു മണ്ണില്‍ വീണു. അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. മഴ ചാറിയതിനാല്‍ മൃതദേഹം സ്വന്തം ദേഹത്തു ചേര്‍ത്ത് വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ എത്തിച്ചു.
അതിന് ശേഷം ഒളിവില്‍ പോയെന്നും പ്രതി വിശദീകരിച്ചു.കരുതികൂട്ടിയുള്ള കൊലയാണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കൂടെ ജോലി ചെയ്യുന്ന യുവാവുമായി യുവതിക്ക് പ്രണയമുണ്ടായിരുന്നു. ഇത് അംഗീകരിക്കാന്‍ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ പ്രതിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അയാൾക്ക് സഹോദരി മാത്രം പോരാ അനിയത്തിയേയും ഒപ്പം കൂട്ടണമെന്നായിരുന്നു വാശി.
ഒപ്പം ജോലി ചെയ്യുന്നയാളെ യുവതി വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാടുവിടുമെന്നും പ്രതി നേരത്തെ വീട്ടുകാരോടു പറഞ്ഞിരുന്നു. ഇതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു. 2 വര്‍ഷമായി അമിത സ്വാതന്ത്ര്യം എടുത്ത് യുവതിയെ വരുതിയിലാക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. സംഭവദിവസം യുവതി വീട്ടിലെത്തിയില്ലെന്ന് അറിഞ്ഞ് ഒപ്പം ജോലി ചെയ്യുന്നയാള്‍ അയാളുടെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞിരുന്നു.
തെളിവെടുപ്പില്‍ കുറ്റ സമ്മതത്തിനൊപ്പം കുറ്റം ചെയ്തത് എങ്ങനെയെന്നും പ്രതി വിവരിച്ചു. കൊലപ്പെടുത്തിയത് എങ്ങനെയെന്നു ഡമ്മിയില്‍ ചെയ്തു കാണിക്കുകയും ചെയ്തു. മൃതദേഹം മറവു ചെയ്യാന്‍ പുറത്തെത്തിച്ച സമയത്ത് യുവതിയുടെ വീട്ടില്‍ നിന്നു പ്രതിയുടെ ഫോണിലേക്കു വിളിച്ചു. യുവതി അന്നു വീട്ടിലേക്കു വരില്ലെന്നു പ്രതി മറുപടി പറഞ്ഞു. ഇതില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. ഇതാണ് കൊലപാതകത്തെ അതിവേഗം പുറത്തറിയിച്ചത്.
Post Your Comments