ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബക്രീദ് ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഇളവുകളാണ് ഇതിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ നിയന്ത്രണങ്ങളിലെ ഇളവുകള്‍ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സര്‍ക്കാരിന് കർശന നിര്‍ദേശം നല്കി.
കേരളത്തിലെ സ്ഥിതി അതീവ ആശങ്ക ജനകമാണെന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു. ജൂലൈ പത്തിനും പത്തൊന്‍പതിനും ഇടയില്‍ കേരളത്തില്‍ 91617 കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു എന്നും രാജേഷ് ഭൂഷന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വീണ്ടും കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും കത്തില്‍ വ്യക്തമാക്കി.
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments