കാബൂൾ: താലിബാന് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച്ച നടത്തി. തങ്ങളുടെ മണ്ണിൽ നിന്നും ചൈനീസ് വിരുദ്ധമായതൊന്നും നടത്താൻ അനുവദിക്കില്ലെന്ന് യാങ് വിയ്ക്ക് സംഘം ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.
താലിബാനെ വിശുദ്ധരായി കാണാനുള്ള ഒരുക്കത്തിലാണ് ചൈനയെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന സന്ദർശനത്തിന് പിന്നാലെ അറിയിച്ചു. സമാധാന പ്രക്രിയയും സുരക്ഷാ പ്രശ്നങ്ങളും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്തതായാണ് താലിബാൻ വക്താവ് വ്യക്തമാക്കുന്നത്. വടക്കൻ ചൈനീസ് നഗരമായ ടിയാൻജിനിൽ വച്ചാണ് താലിബാൻ പ്രതിനിധി സംഘവും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
റഷ്യയുടെ മുന്നേറ്റത്തെ തടയിടാൻ താലിബാനുമായുള്ള സഖ്യം സഹായിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. അമേരിക്കയ്ക്ക് വീണ്ടും അഫ്ഗാനിസ്ഥാനിലേക്കുള്ള വഴി കൊട്ടിയടക്കുക എന്ന ലക്ഷ്യവും താലിബാനെ പിന്തുണയ്ക്കുന്നതിന് പിന്നിലുണ്ട്.
പാകിസ്താനിലൂടെ ചൈന നടപ്പിലാക്കുന്ന വ്യാപാര ഇടനാഴി അടക്കമുള്ള പദ്ധതികളിൽ താലിബാൻ ഭീഷണി ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ചൈനയുടെ പുതിയ നീക്കം. ഇതിനെല്ലാം പുറമേ അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ സ്വാധീനം തടയുക എന്ന ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
Post Your Comments