കോട്ടയം: കൂടുതല്‍ കുട്ടികള്‍ ഉളള ക്രിസ്ത്യന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാലാ അതിരൂപതാ സര്‍ക്കുലറിനെ പിന്തുണച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇപ്പോള്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറവാണെന്നും ജനസംഖ്യ ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രം കുറച്ചാല്‍ പോരെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
‘കുറച്ചു പിള്ളേര് വേണമെന്നേ എല്ലാം നമ്മളൊന്ന് നമുക്കൊന്ന് എന്ന് പറഞ്ഞ് നടക്കുകയാ. ആദ്യം നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു. ഇതൊക്കെ സര്‍ക്കാരുണ്ടാക്കുന്ന ഇടപാടാണ്. ഇപ്പോള്‍ നമ്മളൊന്ന് പിന്നെ നമുക്കെന്തിന് എന്നായി. പിള്ളേര് കൂടുതല്‍ വേണമെന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാ ജനസംഖ്യയെന്നാ? അത് ക്രിസ്ത്യാനി മാത്രം നിയന്ത്രിച്ചാല്‍ മതിയോ? ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം നിയന്ത്രിക്കുക എന്ന് പറയുന്നത് എന്ത് ന്യായമാണ്? നിയന്ത്രിക്കുന്നെങ്കില്‍ എല്ലാവരും നിയന്ത്രിക്കണം’ പിസി ജോര്‍ജ് പറഞ്ഞു.
ജനസംഖ്യയുടെ അനുപാതം തെറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പ്രഖ്യാപനങ്ങളുമായാണ് പാലാ രൂപതയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.
എന്നാല്‍ പാലാ രൂപതയുടെ കീഴിലുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. 2000 ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി അടുത്ത മാസം മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും.
Post Your Comments