കൊച്ചി: ഗോത്ര സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള മ്യൂസിയത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുക ചെലവഴിക്കാതെ കേരളം. 2018ല്‍ പദ്ധതിക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 7.19 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, കേരളം 25.39 ലക്ഷം രൂപ മാത്രമാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് കേരളം തുക ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമായത്. കോഴിക്കോട് ആസ്ഥാനമായ കിര്‍ത്താഡ്‌സാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഗോത്ര വര്‍ഗത്തില്‍പ്പെട്ട സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കാന്‍ വേണ്ടി ആരംഭിച്ച മ്യൂസിയം പദ്ധതിയ്ക്ക് കിര്‍ത്താഡ്‌സ് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് കെ.ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.
പദ്ധതി നേരിടുന്ന കടുത്ത അവഗണന സംസ്ഥാനത്തെ ഗോത്ര വര്‍ഗക്കാരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെ.ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഗോത്രവര്‍ഗ വിഭാഗക്കാര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അവരുടെ സംഭാവനകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക മ്യൂസിയങ്ങള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments