തിരുവനന്തപുരം: 2015 മാര്‍ച്ച് 13. അന്നാണ് കേരള നിയമസഭ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ പ്രതിപക്ഷത്തെ എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ അരയും തലയും മുറുക്കി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് സഭയിലെ ബഹളത്തിന് തുടക്കമായത്. പിന്നെ ഒച്ചപ്പാട്, ബഹളം, ഉന്ത്, തള്ള്, സഭയിലെ സാധനസാമഗ്രികള്‍ നശിപ്പിക്കല്‍ അങ്ങനെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.
സ്പീക്കറുടെ ഡയസിനെയും വെറുതെവിട്ടില്ല,തല്ലിത്തകര്‍ത്തു. ബാര്‍ക്കോഴക്കേസില്‍ അന്ന് ഇടതുപക്ഷത്തിന് മാണി അഴിമതിക്കാരനായിരുന്നു. എന്നാൽ ഇന്ന് നിലപാടില്‍ മാറ്റമുണ്ട്. കയ്യാങ്കളിക്കേസില്‍ ഉള്‍പ്പെട്ട എം.എല്‍.മാര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി സർക്കാരിനെ മുൾമുനയിൽ നിർത്തിയത്.
അന്ന് യു.ഡി.എഫിലായിരുന്ന കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനു ശേഷം ഇപ്പോള്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫിലാണ്. ജോസിനെ മുന്നണിയിലിരുത്തി മാണിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നതിലെ ഔചിത്യക്കുറവാണ് നിലപാടുമാറ്റത്തിന് പിന്നിലെ പ്രേരകശക്തിയായത്.ധനമന്ത്രിക്കെതിരേ അഴിമതിക്കുറ്റമുണ്ടായിരുന്നുവെന്ന് രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മന്ത്രിയുടെ വ്യക്തിത്വത്തിനല്ല ബില്‍ പാസാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
എന്നാൽ സുപ്രീംകോടതിയിൽ ധനമന്ത്രി അഴിമതിക്കാരാണെന്നു പറഞ്ഞെങ്കിലും കേരളത്തിൽ എത്തിയപ്പോൾ നിലപാട് മാറ്റമുണ്ടായി. അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേര് പോലും അറിയില്ലെന്നും നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം ഇപ്പോൾ കയ്യാങ്കളി സംഭവത്തിൽ ഉൾപ്പെട്ട എല്ലാ എംഎൽഎമാരും വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതിയുടെ വിധി. കയ്യാങ്കളി നടത്തിയ എം.എല്‍.എ.മാര്‍ക്കെതിരേ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്. ഇത് സർക്കാരിന് പാരയാകുകയും ചെയ്തു.
Post Your Comments