ആലപ്പുഴ: വള്ളികുന്നിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനും പിതാവിനും എതിരെ കൂടുതൽ മൊഴികൾ പുറത്ത്. മരിച്ച സുചിത്രയുടെ ഭർതൃവീട്ടുകാർ മകന് വേണ്ടി മറ്റൊരു വിവാഹ ബന്ധം ഉറപ്പിക്കുകയും സ്ത്രീധനത്തിൻ്റെ പേരിൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും ഭർതൃമാതാവ് സുലോചന സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടിയുമായി വഴക്കുണ്ടായെന്നും അന്വേഷണത്തിൽ വ്യക്തമായി.
സൈനീക ഉദ്യോഗസ്ഥനായ മകന് കൂടുതൽ സ്ത്രീധനം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പടനിലം സ്വദേശിനിയായ യുവതിയുമായി ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് വിഷ്ണുവും കുടുംബവും പിൻമാറിയത്. തുടർന്ന് സുചിത്രയെ വിവാഹം ചെയ്ത ശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയ വിഷ്ണു പെൺകുട്ടിയെ ഫോണിൽ വിളിച്ച് ആക്ഷേപിച്ചതായും കുടുംബം മൊഴി നൽകിയിട്ടുണ്ട്. വിവാഹത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടത്. തങ്ങളേക്കാൾ സാമ്പത്തിക ശേഷിയുള്ള വീടുകളിൽ നിന്ന് മാത്രം മകന് വിവാഹം ആലോചിച്ചാൽ മതിയെന്ന് കൂലിപ്പണിക്കാരായ ഉത്തമനും സുലോചനയും ബ്രോക്കർമ്മാരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
Read Also: മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം: ബിന്ദു കൃഷ്ണ
സുചിത്രയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പും കാറ് വാങ്ങി തരണമെന്ന് ആവശ്യപ്പെടുകയും വിവാഹത്തിന് മുമ്പ് തന്നെ വാങ്ങിപ്പിക്കുകയും ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങളും കാറും കൂടാതെ 10 ലക്ഷം രൂപ കൂടിയാണ് വിഷ്ണുവിൻ്റെ മാതാപിതാക്കൾ അവശ്യപ്പെട്ടതെന്നാണ് വിവരം. വിഷ്ണുവിൻ്റെ സഹോദരിക്ക് നൽകാനായിരുന്നു ഈ തുകയെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
എന്നാല്‍ പണം നൽകാൻ കുറച്ച് സാവകാശം സുചിത്രയുടെ വീട്ടുകാർ ചോദിച്ചെങ്കിലും പണം നൽകാത്തതിൻ്റെ പേരിൽ നിരന്തര പീഡനം അനുഭവിക്കുകയാണെന്ന് മകൾ പറഞ്ഞതായി സുചിത്രയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്. സുചിത്രയുമായി മരണ ദിവസവും വഴക്കിട്ടതായി സുലോചന സമ്മതിച്ചു. ഭർതൃ വീട്ടിൽ നേരിട്ട കടുത്ത മാനസിക പീഡനമാണ് സുചിത്രയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് ചെയ്യപ്പെട്ട സുലോചന അട്ടക്കുളങ്ങര വനിതാ ജയിലിലും, ഉത്തമൻ ആലപ്പുഴ ജില്ലാ ജയിലിലുമാണുള്ളത്.
Post Your Comments