തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വാക്‌സിന്‍ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ.എസ്.ഐ.ഡി.സിയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു.
വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് തോന്നയ്ക്കല്‍ ബയോ ടെക്‌നോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിക്കുന്നതിനുള്ള താത്പ്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ കൈമാറി. കോവിഡ് വാക്‌സിന് പുറമെ ഭാവിയില്‍ മറ്റ് വാക്‌സിനുകളും നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.രാജീവ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിനാകും നിര്‍മ്മിക്കുകയെന്നാണ് സൂചന.
വ്യവസായ വികസന കോര്‍പ്പറേഷനും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ റഷ്യയ്ക്ക് പുറത്ത് ബ്രസീല്‍, തുര്‍ക്കി, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിലാണ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റുകളുള്ളത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
Post Your Comments