കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സ്‌കൂള്‍: മൂന്നും നാലും കുട്ടികളുള്ളവര്‍ക്ക് പഠിപ്പ് സൗജന്യം, പകുതി ഫീസ്
തൊടുപുഴ: മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ നിര്‍ബന്ധമായും വേണമെന്ന ആശയവുമായി പാലാ അതിരൂപതയും സ്‌കൂള്‍ മാനേജ്മെന്റും രംഗത്തെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യം പ്രഖ്യാപിച്ച് ഇടുക്കി രൂപതയിലെ സ്‌കൂള്‍ രംഗത്ത് .രൂപതക്ക് കീഴിലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. മൂന്നാമത്തെ കുട്ടിയാണെങ്കില്‍ പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികള്‍ക്ക് സമ്പൂര്‍ണ സൗജന്യ പഠനവും ഉറപ്പാക്കുന്നതാണ് സ്‌കോളര്‍ഷിപ്പ്.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടര്‍ച്ചയായാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം. യോഗ്യരായവര്‍ക്ക് ഈ വര്‍ഷം മുതല്‍ ആനുകൂല്യം ലഭിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരക്കല്‍, അസി. മാനേജര്‍ ഫാ. ജോബി പുളിക്കക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ജോസ് ജെ. പുരയിടം എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സിറോ മലബാര്‍ സഭ പാലാ രൂപത കഴിഞ്ഞ ദിവസം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം. ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്സ്ബുക്ക് പേജില്‍ വന്ന പ്രഖ്യാപനത്തില്‍ പറയുന്നു.
Post Your Comments