കൊൽക്കത്ത: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെയാണ് പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിനായി നിയോഗിച്ചത്.
കൽക്കട്ട ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ബി ലോകുർ എന്നിവർ അംഗങ്ങളായ കമ്മിഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ഫോൺ ചോർത്തൽ വിവരം പുറത്ത് വന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതിനാൽ സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നുമാണ് മമതയുടെ പ്രതികരണം.
ബംഗാളിൽ നിന്നുള്ള നിരവധിപേരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ടുണ്ടെന്നും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്ന മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത വ്യക്തമാക്കി. ഫോൺ ചോർത്തൽ ഭയന്ന് തനിക്ക് മറ്റ് നേതാക്കളോട് സംസാരിക്കാൻ പോലും ഭയമുണ്ടായെന്നും മമതാ ബാനർജി പറഞ്ഞു.
Post Your Comments