പാലക്കാട്: പാലക്കാട്ടെ റസ്റ്റാറന്‍റില്‍ രമ്യ ഹരിദാസ് എം.പിയും, മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിലെ വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കെ, ഇവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാൽ പിന്നീടുള്ള പ്രതികരണത്തിൽ രമ്യ പറഞ്ഞത് തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനാലാണ് തന്റെ കൂടെയുള്ളവർ യുവാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ്. ഇത് പച്ചക്കള്ളമാണെന്ന് വീഡിയോയിൽ തന്നെ തെളിഞ്ഞിട്ടുണ്ടെന്നു യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് പറഞ്ഞു. മുൻപും രമ്യ ഇത്തരം കള്ളക്കഥകൾ കെട്ടി ചമച്ചിട്ടുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
പാർലമെന്റിൽ പ്രതിപക്ഷ എംപിമാർ ബഹളമുണ്ടാക്കുന്നതിനിടെ 74 വയസുള്ള ബിജെപിയുടെ എംപിയായ ജസ്‌കൗർ മീനയെ രമ്യ തള്ളി താഴെയിടുകയും തുടർന്ന് വിവാദമാകുമെന്നു കണ്ടപ്പോൾ തന്നെ മീന ആക്രമിച്ചെന്നു വിലപിക്കുകയും ചെയ്തതിന്റെ വീഡിയോ നമ്മൾ മുൻപ് കണ്ടതാണെന്നും പ്രശാന്ത് പറഞ്ഞു. ആദ്യം പട്ടികജാതിക്കാരിയായ തന്നെ ആക്രമിച്ചു എന്ന് വിലപിച്ച രമ്യയും കൊൺഗ്രസും പിന്നീട് മീന ആദിവാസി വിഭാഗത്തിൽ നിന്നുള്ള എംപി ആണെന്ന് മനസിലായപ്പോൾ ജാതിക്കാർഡ് മാറ്റിവെച്ചെന്നും പ്രശാന്ത് ആരോപിച്ചു.
ഇത്തരത്തിൽ നിരവധി കള്ളക്കഥകൾ ആലത്തൂർ എംപി മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ വീഡിയോയിൽ എല്ലാം പകൽ പോലെ വ്യക്തമായിട്ടും തന്റെ കയ്യിൽ കയറി പിടിച്ച ആളെയാണ് തന്റെ കൂടെയുള്ളവർ കൈകാര്യം ചെയ്തതെന്നാണ് എംപിയുടെ പക്ഷം. വിടി ബൽറാമിനെതിരെയും പ്രശാന്ത് രൂക്ഷ വിമർശനമാണ് നടത്തിയത്. പ്രശാന്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സാധാരണക്കാരൻ ശനിയും ഞായറും എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയാൽ പോലീസിന്റെ നിരവധി ചോദ്യങ്ങളും പിഴയുമാണ്.
തിരുവനന്തപുരത്ത് ലോക്ഡൗൺ സമയത്ത് പഴം വാങ്ങാൻ ഇറങ്ങിയ വൃദ്ധനെ വഴിയിൽ പോലീസ് ചോദ്യം ചെയ്യുകയുംപിഴ ചുമത്തുകയും ചെയ്തു തുടർന്ന് തിരിച്ചു വീട് എത്തിയയാൾ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്ത കാഴ്ച ഏതാനും ദിവസങ്ങൾക്കു മുന്നേ നമ്മൾ കണ്ടതാണ്. ‘
‘ഭരണഘടനാ പദവിയിലിരിക്കുന്നഎംപിയും കൂടെ മുൻ എംഎൽഎയുമായിരുന്ന ഇത്തരം നേതാക്കന്മാർ സമൂഹത്തിന് മാതൃകയാകേണ്ടവർ ആണ്. എന്നാൽ ഇവർ തന്നെ നിയമങ്ങൾ ലംഘിക്കുന്നു.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത പയ്യനെ കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ട് അതിനെ തടുക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല അതിന് കൂട്ടുനിൽക്കുകകൂടിയാണ് വിടി ബൽറാമിനെ പോലുള്ളവർ ചെയ്തത്.’
യുവമോർച്ചയും ഇവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.
അതേസമയം, രമ്യയും ബല്‍റാമും സംഘവും കഴിക്കാന്‍ കയറിയ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ ലംഘനത്തിനാണ് പാലക്കാട് കസബ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
Post Your Comments