കൊച്ചി: നാൽപതു ലക്ഷം മലയാളികൾ രാജ്യത്തിന് പുറത്ത് തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവർ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ ബാധിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള സംസ്ഥാനവും കേരളം തന്നെ. ആഭ്യന്തര വരുമാനത്തിൽ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശ മലയാളികളാണ്. വിവിധ ബാങ്കുകളിലായി പ്രവാസികൾക്ക് സംസ്ഥാനത്തുള്ളത് 2,30,000 കോടി രൂപയുടെ നിക്ഷേപമാണ്.
എന്നാൽ പത്തു ലക്ഷത്തിലേറെ പ്രവാസികൾ തൊഴിൽരഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ആഘാതമാണ്. പ്രവാസികൾ സംസ്ഥാനത്തേക്ക് അയക്കുന്ന പണം കുത്തനെ കുറയുന്നതിന്‍റെ കണക്കുകൾ പുറത്ത് വന്നു തുടങ്ങി.
സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തിൽ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. ഇത്രകാലവും ഓരോ വർഷവും ഈ തുക ഉയരുകയായിരുന്നു. എന്നാൽ ആ ബലം ഇനി അധിക നാൾ നീളുമോ എന്നതാണ് സംശയം. പ്രവാസി പുനരധിവാസത്തിൽ സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഇളകും.
Post Your Comments