പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും നേരിടുന്ന പ്രശ്‌നങ്ങൾ വിവിധ സാധ്യതകൾക്ക് അനുസരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഹൗസ് സർജൻസി വിദ്യാർത്ഥികളുടെ പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലന സൗകര്യങ്ങൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സി ഉടൻ: റിസര്‍വ് ബാങ്ക്
ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായതിന് ശേഷം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരിശീലന സൗകര്യം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന്റെ പ്രായോഗിക വശങ്ങൾ സംബന്ധിച്ച് മെഡിക്കൽ വിഭാഗം, ആരോഗ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തും. കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് മറ്റ് ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റാനാകുമോയെന്നും പരിശോധിക്കും. മെഡിക്കൽ കോളേജിൽ ശമ്പളപരിഷ്‌കരണമുൾപ്പെടെ സാമ്പത്തികമായി പൂർത്തിയാക്കേണ്ട പ്രവൃത്തികൾ സർക്കാരിന്റെ സാധ്യതയ്ക്കനുസരിച്ച് നടപ്പാക്കും. മെഡിക്കൽ കോളേജിന് 10 കോടി രൂപ അടിയന്തിരമായി നൽകണമെന്ന് ധനകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ടെന്നും മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക വകയിരുത്തുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുകളിലെ പ്രാരംഭ ഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് ഗവ. മെഡിക്കൽ കോളേജിന്റെ വളർച്ച ഏറെ മുന്നിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായി മെഡിക്കൽ കോളേജിനെ വളർത്തണമെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments