തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുൾപ്പെടെയുള്ള നാല് പേര് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. നാല് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്. സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ചീഫ് അക്കൗണ്ടന്റ് സി.കെ.ജിൽസും അടക്കം നാല് പേരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
സംഭവത്തിലെ പ്രതികളായ ആറ് പേരുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട , പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിൽ വീടുകളിലാണ് പരിശോധന നടത്തിയത്.
Also Read:ശബരിമലയിൽ മേൽശാന്തിയായി അബ്രാഹ്മണരെ നിയമിക്കുന്നത് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ്
പ്രതികളുടെ വരുമാനവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടക്കുകയാണ്. സംസ്ഥാനത്തിന്റെ പലയിടത്തും ഇവർ നിക്ഷേപം നടത്തിയതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ രജിസ്ട്രർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകൾക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയത്.
അതിനിടെ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യും. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ സാന്നിധ്യത്തിലായിരിക്കും യോഗം. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
Post Your Comments