തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും അതിതീവ്ര മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 10 സെന്റിമീറ്റര്‍. കോന്നിയില്‍ 6 സെന്റി മീറ്റര്‍ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
Read Also : സംസ്ഥാനത്ത് മേഘവിസ്‌ഫോടനവും ചുഴലിക്കാറ്റും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ 25, 26 തിയതികളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും 27, 28, 29 തിയതികളില്‍ മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴയുടെ സ്വാധീനം കൂടുതലായും ഉണ്ടാവുക.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗാഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments