വരാണാസി : കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഗ്യാന്‍വാപി മസ്ജിദ് ഭൂമി വിട്ടുനല്‍കി പള്ളി കമ്മിറ്റി. പകരമായി ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പള്ളിക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിക്കായാണ് കാശി വിശ്വനാഥ് ക്ഷേത്രം ട്രസ്റ്റിന് ഭൂമി കൈമാറിയത്.
പള്ളിയില്‍നിന്ന് 15 മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന 1,700 ചതുരശ്ര അടി ഭൂമിയാണ് വിട്ടുനല്‍കിയിരിക്കുന്നത്. കാശി ഇടനാഴി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് കാലങ്ങളായി ക്ഷേത്ര ട്രസ്റ്റ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെടുന്ന സ്ഥലം കൂടിയാണിത്. പകരമായി പള്ളിക്കു ലഭിച്ച ഭൂമി 1,000 ചതുരശ്ര അടിയാണുള്ളത്.
‘നിലവില്‍ ഗ്യാന്‍വാപി പള്ളിക്കുകീഴില്‍ മൂന്നു സ്ഥലങ്ങളാണുള്ളത് . ഒന്ന് പള്ളി സ്ഥിതി ചെയ്യുന്ന ഭൂമിയും മറ്റൊന്ന് പള്ളിക്കും ക്ഷേത്രത്തിനും ഇടയിലുള്ള പൊതു നടപ്പാതയുമാണ്. മൂന്നാമത്തെ ഭൂമി ബാബരി തകര്‍ക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് ജില്ലാ ഭരണകൂടത്തിന് കണ്‍ട്രോള്‍ റൂം നിര്‍മിക്കാന്‍ കൈമാറിയതാണ്’, ഗ്യാന്‍വാപി മസ്ജിദിന്റെ മേല്‍നോട്ടക്കാരനും അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ എസ്‌എം യാസീന്‍ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തതിനു പിറകെ പൊലീസ് കണ്‍ട്രോള്‍ റൂം നിര്‍മിക്കാനായി പാട്ടത്തിനു നല്‍കിയ പള്ളിയുടെ ഭൂമിയാണ് ഇപ്പോള്‍ ക്ഷേത്രത്തിന് കൈമാറിയിരിക്കുന്നത്.
Post Your Comments