തിരുവനന്തപുരം: തൃശ്ശൂര്‍ കരുവന്നൂരിലെ സഹകരണബാങ്കില്‍ നടന്ന തട്ടിപ്പ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടിക്കു നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ ആ ആള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്തിട്ടു പങ്കുപറ്റുന്ന പാര്‍ട്ടിയല്ല. തെറ്റുകള്‍ക്കെതിരെ പോരാടുന്ന പാര്‍ട്ടിയാണ്. പ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ അതു മൂടിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയുടെ കരുത്ത് ചോര്‍ന്നുപോകാതെയും വിശ്വസ്തത സംരക്ഷിച്ചും ഇപ്പോള്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘കരുവന്നൂര്‍ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തത്. അത് ഗൗരവമായി സര്‍ക്കാര്‍ കാണുന്നുണ്ട്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് നടത്തും. കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സര്‍ക്കാരിന്. സഹകരണ മേഖല ജനവിശ്വാസം ആര്‍ജിച്ചതാണ്. ഇതുപോലുള്ള സംഭവങ്ങള്‍ അവിടെ വിരളമാണ്. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ തീരെ ഉണ്ടായിട്ടില്ല എന്നു പറാനാകില്ല. ആ ഘട്ടങ്ങളിലൊക്കെ നടപടിയെടുത്ത് വിശ്വാസ്യത വീണ്ടെടുത്തിട്ടുണ്ട്. സഹകരണ മേഖലയുടെ കരുത്ത് ചോരാതിരിക്കാന്‍ ശ്രദ്ധിക്കും’ – മുഖ്യമന്ത്രി പറഞ്ഞു. .
Post Your Comments