ആരവങ്ങളോടെ കൊടിയേറിയ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് ഒരു വനിതയാണ്, മണിപ്പൂർ സ്വദേശിനി മീരാഭായ് ചാനു. ഉപജീവനത്തിനുവേണ്ടി മണിപ്പൂരിലെ ഗ്രാമത്തിൽ ജ്യേഷ്ഠനൊപ്പം സമീപത്തുള്ള കുന്നിൽ വിറക് ശേഖരിക്കാൻ എപ്പോഴും കൂട്ടിനു പോയിരുന്ന പെൺകുട്ടിയാണ് ഇന്ന് ഇന്ത്യയുടെ അഭിമാന താരമായി ഉയർന്നിരിക്കുന്നത്. ഒരു ദിവസം ഭാരമേറിയ വിറകുകെട്ട് തലച്ചുമടായി കൊണ്ടുവരാൻ ചേട്ടന് കഴിയാതെ വന്നു, പക്ഷേ അനിയത്തിയായ മീരയ്ക്ക് അത് വലിയ ഒരു പണി ആയിരുന്നില്ല. അവൾ ആ ജോലി അനായാസം നിർവ്വഹിച്ചു. സ്ത്രീകളെ വിലകുറച്ച് കാണുന്നവർക്ക് നൽകാവുന്ന ഏറ്റവും സ്റ്റൈലിഷ് ആയ മറുപടി ആണ് മീര തന്റെ മെഡൽ നേട്ടത്തിലൂടെ സമൂഹത്തിനു മുന്നിലേക്ക് ഉയർത്തിപിടിക്കുന്നതെന്ന് സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വൈറൽ കുറിപ്പ് ഇങ്ങനെ:
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത് ഒരു വനിതയാണ്. വെള്ളിമെഡൽ നേടിയ മീരാഭായ് ചാനു നമ്മുടെ യശസ്സ് വാനോളം ഉയർത്തിയിരിക്കുന്നു. സ്ത്രീകളെ വിലകുറച്ച് കാണുന്നവർക്ക് നൽകാവുന്ന ഏറ്റവും സ്റ്റൈലിഷ് ആയ മറുപടി. ഒരു അഭിമുഖത്തിൽ മീര പറഞ്ഞിരുന്നു- ‘സമൂഹത്തിന് സ്ത്രീകളോട് പുച്ഛമാണ്. സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കുകയാണ് എൻ്റെ ലക്ഷ്യം…!’ സ്ത്രീ എന്ന നിലയിൽ മീര കഠിനമായ തിരസ്കാരങ്ങൾ നേരിട്ടിട്ടുണ്ട് എന്നതിൻ്റെ സൂചനയാണ് ആ വാക്കുകൾ.
വെയ്റ്റ്ലിഫ്റ്റിങ്ങ് കരിയറായി തിരഞ്ഞെടുക്കണം എന്ന ആവശ്യം മീര മാതാപിതാക്കൾക്കുമുമ്പിൽ ഉന്നയിച്ചപ്പോൾ ഏറെ എതിർപ്പുകൾക്കുശേഷമാണ് അവർ സമ്മതം മൂളിയത്. കാരണം പുരുഷാധിപത്യം പ്രകടമായി നിലനിൽക്കുന്ന വിഭാഗമാണ് വെയ്റ്റ്ലിഫ്റ്റിങ്ങ്. മീര ജനിച്ച ഗ്രാമത്തിൽ വെയ്റ്റ്ലിഫ്റ്റിങ്ങ് കേന്ദ്രങ്ങളില്ലായിരുന്നു. അതുകൊണ്ട് ദിവസേന 44 കിലോമീറ്റർ സഞ്ചരിച്ചാണ് മീര പരിശീലിച്ചത്. ‘ഈ പെണ്ണിന് ഇത് എന്തിൻ്റെ സുക്കേടാണ്’ എന്ന് പലരും പരിഹസിച്ചിട്ടുണ്ടാവും എന്ന് തീർച്ച. ഒരു ആൺകുട്ടി അത്തരം യാത്രകൾ നടത്തിയാൽ അത് തീർത്തും സ്വാഭാവികമായി കണക്കാക്കപ്പെടുകയും ചെയ്യും!
26 വയസ്സ് പ്രായമുള്ള അവിവാഹിതയാണ് മീര. എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് അവർക്ക് മടുത്തിട്ടുണ്ടാവും. ആ ഗതികേട് പുരുഷ അത്ലറ്റുകൾക്കില്ല. ഇതുപോലുള്ള ആയിരക്കണക്കിന് വെല്ലുവിളികൾ അതിജീവിച്ചാണ് ഓരോ പെണ്ണിൻ്റെയും പ്രയാണം. പുരുഷൻമാരുമായി സ്ത്രീകളെ താരതമ്യം ചെയ്യുമ്പോൾ അക്കാര്യം മറന്നുപോകരുത്. പുരുഷൻമാരുടെ ട്രാക്ക് മികച്ചതാണ്. മുള്ളും കുപ്പിച്ചില്ലും ചവിട്ടിവേണം സ്ത്രീകൾക്ക് ഓടിയെത്താൻ…! കുറച്ചുകാലം മുമ്പ് സോഷ്യൽ മീഡിയയിൽ ഒരു ‘വിലകൂടിയ’ ചോദ്യം ഉയർന്നുവന്നിരുന്നു- ‘ഈ പെണ്ണുങ്ങൾ എന്തിനാണ് തുല്യതയ്ക്കുവേണ്ടി വാശിപിടിക്കുന്നത്? അവളുമാർക്ക് ഒരു ഗ്യാസ് കുറ്റി എടുത്ത് ഉയർത്താനുള്ള ശക്തിയുണ്ടോ!?’ ആ ചോദ്യം പമ്പര വിഡ്ഢിത്തമാണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം. മനുഷ്യരുടെ മഹത്വം അളക്കേണ്ടത് ഗ്യാസ് കുറ്റി പൊക്കുന്നത് നോക്കിയിട്ടല്ല. വ്യക്തിത്വത്തിനാണ് മാർക്കിടേണ്ടത്.
Also Read:ക്യാൻസറിനെ തടയാൻ വെണ്ണ
എന്തായാലും ഗ്യാസ് കുറ്റിയെ പ്രണയിക്കുന്ന സുഹൃത്തുക്കൾക്കുവേണ്ടി ഒരു കഥ പറയാം. പണ്ട് മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ ഒരു 12 വയസ്സുകാരി ജീവിച്ചിരുന്നു. ഉപജീവനത്തിനുവേണ്ടി അവളും ജ്യേഷ്ഠനും സമീപത്തുള്ള കുന്നിൽ വിറക് ശേഖരിക്കാൻ പോകുമായിരുന്നു. ഒരു ദിവസം ഭാരമേറിയ വിറകുകെട്ട് തലച്ചുമടായി കൊണ്ടുവരാൻ ചേട്ടന് കഴിയാതെ വന്നു. പക്ഷേ അനിയത്തി ആ ജോലി അനായാസം നിർവ്വഹിച്ചു.
ആ പെൺകുട്ടി ആരാണെന്ന് അറിയാമോ? ഇന്ന് രാജ്യത്തിൻ്റെ അഭിമാനമായി മാറിയ മീരാഭായ് ചാനു! ഒരിക്കലും സ്ത്രീകളെ വിലകുറച്ചുകാണരുത്. ആവർത്തിക്കാം. ഒരിക്കലും…!”
Post Your Comments