മുംബൈ: കോവിഡ് ബാധയെ തുടർന്ന് തടവിലിരിക്കെ ആശുപത്രിയിൽ മരിച്ച ഫാ. സ്റ്റാന്‍ സാമിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്.എസ് ഷിന്ദേ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശം പിന്‍വലിച്ചത്. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
ഈ പരാമര്‍ശം എന്‍ഐഎയ്ക്ക് മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും കേസ് അന്വേഷണങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഷിന്ദേ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയവെയാണ് സ്റ്റാന്‍ സാമി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. ഭീമാ കൊറെഗാവ് – ഏകതാ പരിഷത്ത് കേസില്‍ അറസ്റ്റിലായ ഏറ്റവും പ്രായംചെന്ന വ്യക്തിയായിരുന്നു സ്റ്റാന്‍ സാമി. ജൂലായ് അഞ്ചിന് സാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്. എന്നാൽ പലതവണ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കാമെന്ന് കോടതി പറഞ്ഞപ്പോൾ അത് സ്റ്റാൻ സാമി നിരസിക്കുകയായിരുന്നു.
Post Your Comments