മുംബൈ: തെരുവോരങ്ങളിലും മറ്റും ഇനി മുതൽ അനധികൃത ബാനറുകൾ സ്ഥാപിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ഫുട്പാത്തിലും മരങ്ങളിലും തെരുവ് വിളക്കുകളിലും ഹോർഡിഗുകളിലും വലിയ രീതിയിലുള്ള ബാനറുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കരുതെന്നും, പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പലയിടങ്ങളിലും റോഡുകളും ഫുട്പാത്തുകളും മറച്ചാണ് വലിയ രീതിയിലുള്ള ബാനറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ കാണുമ്പോൾ പൊതുജനങ്ങളും പ്രതികരിക്കേണ്ടതാണ്.
രാഷ്ട്രീയ പാർട്ടിയോ, വാണിജ്യ സംഘടനയോ, മതവിഭാഗമോ, വ്യക്തിഗത സംഘടനകളോ പൊതു ഇടങ്ങളായ ഫുട്പാത്ത്, റോഡുകൾ തുടങ്ങിയവ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കും പരസ്യങ്ങൾക്കും ഉപയോഗിക്കാൻ നിയമപരമായി അനുവദിക്കുകയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. സാധാരണ ജനങ്ങളോടും ഓരോ വ്യക്തിയോടും ഈ വിഷയത്തിൽ സജീവമാകാനും, നിയമവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവർക്ക് ദോഷം വരുത്തുന്നതുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
Post Your Comments