തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിലെ കൂടുതൽ കളികൾ പുറത്ത്. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്‌പ്പാ തട്ടിപ്പിൽ ബാങ്ക് മാനേജരെയും സെക്രട്ടറിയെയും പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യപ്രതികൾ സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങളാണെന്ന് റിപ്പോർട്ട്. ബാങ്ക് മാനേജർ ബിജു കരീം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്, ബാങ്ക് സെക്രട്ടറി ടി ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും. വായ്പാ തട്ടിപ്പിലെ മുഖ്യപ്രതികളായ ഇവരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് പ്രതിചേർത്തത്.
അതേസമയം, 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണബാങ്കിന്റെ മറവിൽ നടന്നത് ആയിരം കോടിയുടെ തിരിമറിയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമാണം, ഇതിലേക്ക് വിദേശത്തുനിന്നുൾപ്പെടെയെത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് പ്രധാനം.
Also Read:കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പിടിവാശി: പെരുവഴിയിലായത് സംരംഭകനും തൊഴിലാളികളും
കൂടാതെ ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പയും. വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. കരുവന്നൂർ ബാങ്കിൽ നേരിട്ടും അല്ലാതെയും അഞ്ചുവർഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, പാർട്ടിയുമായി നല്ല ബന്ധമുള്ള പ്രതികളെ രക്ഷപെടുത്താൻ രഹസ്യമായി ചില ചരടുവലികളെല്ലാം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ നിന്നും തലയൂരാൻ പാകത്തിൽ ഇവരെ ചില ആളുകൾ സംരക്ഷിക്കുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Post Your Comments