ന്യൂഡൽഹി: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ നാല് പേർക്ക് ജാമ്യം. ബംഗളൂരു ജില്ലാ സിവിൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ, അനസ് ആറ്റിമനിൽ, തമിഴ്‌നാട് സ്വദേശികളായ ജയഗനേഷ് താനരാജ്, ജ്യേഷ്ഠൻ സുരേഷ് തങ്കവേൽ താനരാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിയാണ് കേസിലെ മുഖ്യസൂത്രധാരൻ. പുല്ലാട്ടിക്ക് ആയിരക്കണക്കിന് സിമ്മുകൾ അനധികൃതമായി വിതരണം ചെയ്തതിനാണ് ജയഗനേഷ്, സുരേഷ് എന്നിവർക്കെതിരെ കേസെടുത്തത്. ദേശീയ സുരക്ഷയെ ബാധിച്ചേക്കാവുന്ന രഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ച കേസിൽ ഈ നാല് പേരും എങ്ങനെയാണ് കുറ്റം ചെയ്തതെന്ന് എഫ് ഐ ആറിൽ വിശദമാക്കിയിട്ടില്ലെന്നും നിരീക്ഷിച്ച കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിയെ സി-ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷന്‍ വാറണ്ടിന് അപേക്ഷിച്ച സി-ബ്രാഞ്ചിന് പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുവദിക്കുകയായിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിമിനെ ഒരു മാസം മുൻപ് എടിസി പിടികൂടിയത്. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ബംഗളൂരുവിലെ ഒന്‍പത് ഇടങ്ങളിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പാകിസ്ഥാനിലേക്ക് ഉൾപ്പെടെ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് വഴി നിരവധി തവണ കോളുകൾ പോയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ഇയാൾക്ക് അറിയാമെന്നുമാണ് കരുതുന്നത്.
Post Your Comments