തിരുവനന്തപുരം: നഗരത്തിലെ നിരക്ഷരരെ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷന്റ നേതൃത്വത്തിെന്റ കോര്‍പറേഷനില്‍ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴാംതരം തുല്യത പരീക്ഷയില്‍ വ്യാജന്മാരെ തിരുകിക്കയറ്റിയും പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷകളില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്തവരുടെ പേരില്‍ കള്ളക്കണക്കുകള്‍ കാണിച്ചുമാണ് 10 ലക്ഷത്തോളം രൂപ തട്ടിയത്.
2019 മാര്‍ച്ച് 15നാണ് നഗരത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നൂറ് വാര്‍ഡുകളിലും അക്ഷരശ്രീ പദ്ധതി ആരംഭിച്ചത്. രണ്ടര കോടിയാണ് പദ്ധതിക്കായി കോര്പറേഷന് മാറ്റിവെച്ചത്. സാക്ഷരത ക്ലാസില്‍ ഒരു വാര്‍ഡില്‍ 25 പേരും നാലാം ക്ലാസ് 20ഉം ഏഴാംതരത്തിന് 15 ഉം പത്താംതരത്തില്‍ 15, ഹയര്‍ സെക്കന്‍ഡറിക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും നിശ്ചയിച്ചത്.
എന്നാല്‍ പല വാര്‍ഡുകളിലും മതിയായ ആളുകളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വ്യാജപേരുകള്‍ രജിസ്റ്റര്‍ ചെയ്ത് കോര്‍പറേഷനില്‍ നിന്ന് ഫണ്ട് തട്ടിയെടുക്കുകയായിരുന്നു. പത്താംതരം തുല്യതപരീക്ഷക്ക് 1074 പേര് പരീക്ഷ എഴുതിയെന്നാണ് സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല കോര്പറേഷന് നല്കിയ കണക്ക്. ഇതിന്റ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 500 രൂപയെന്ന കണക്കില്‍ 5,37,000 രൂപ കഴിഞ്ഞവര്‍ഷം കോര്പറേഷന് അനുവദിച്ചു. എന്നാല്‍ 522 പേര് മാത്രമാണ് പരീക്ഷ എഴുതിയത്.
ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 1055 പേര്‍ക്ക് 1500 രൂപ വീതം 15,82500 രൂപ അനുവദിച്ചെങ്കിലും പ്ലസ് വണിന് 633 പേരും പ്ലസ് ടുവിന് 498 പേരുമാണ് പരീക്ഷ എഴുതിയത്. പദ്ധതി അനുസരിച്ച് അഡ്മിഷന് എടുക്കുമ്പോള്‍ തന്നെ രജിസ്ട്രേഷന് ഫോറത്തില്‍ പഠിതാവിന്റ വിവരങ്ങള്‍ ശേഖരിക്കുകയും അത് സൂക്ഷിക്കുകയും വേണം. എന്നാല്‍ സാക്ഷരതമിഷന്‍ അക്ഷരശ്രീയുമായി പദ്ധതിപ്പെട്ട് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സര്‍ട്ടിഫിക്കറ്റില്‍ പഠിതാവിന്റ ഫോട്ടോയോ മേല്‍വിലാസമോ മറ്റ് വിശദാംശങ്ങളോ ഇല്ല. മതിയായ രേഖകള്‍ ഇല്ലെന്ന് സാക്ഷരതമിഷന്‍ തന്നെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. വലിയശാല വാര്‍ഡില്‍ മാത്രം ഇത്തരത്തില്‍ 12 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 22 വാര്‍ഡുകളില്‍ നിന്ന് ഇത്തരം വ്യാജമാരുടെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്.
Post Your Comments