മലപ്പുറം: പ്രളയത്തിൽ തകർന്ന മലപ്പുറം ജില്ലയിലെ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം പുനർനിർമ്മിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് പുനർനിർമ്മാണം നടത്തിയിരിക്കുന്നത്. മദ്രാസ് ഐഐടിയിലെ വിദഗ്ധർ കെട്ടിടത്തിന്റെ ഘടനയും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർഥികൾ കെട്ടിടത്തിന്റെ ഡിസൈനും തയ്യാറാക്കി.
Read Also: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനേഴായിരത്തിലധികം പേർ
15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എമർജൻസി റൂം, മിനി ഓപ്പറേഷൻ തിയറ്റർ, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, കൺസൾട്ടിങ്ങ് റൂമുകൾ, നഴ്‌സിങ്ങ് സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്‌സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെന്റർ, വിഷൻ ആന്റ് ഡെന്റൽ ക്ലിനിക്, അമ്മമാർക്കും ഗർഭിണികൾക്കുമായുള്ള പ്രത്യേക മേഖലകൾ തുടങ്ങി അനവധി സൗകര്യങ്ങൾ ആരോഗ്യകേന്ദ്രത്തിൽ സജ്ജമായിരിക്കുന്നു. ആധുനിക കോൺഫറൻസ് ഹാളും ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലവും, ഭിന്നശേഷിക്കാർക്ക് ആവശ്യമായ ലിഫ്റ്റ് റാമ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ജനകീയ ആരോഗ്യ പദ്ധതിയായ ആർദ്രം മിഷൻ നമ്മുടെ ആരോഗ്യമേഖലയെ എത്രത്തോളം മുന്നോട്ടു കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന മികച്ച പദ്ധതിയാണ് വാഴക്കാട് പൂർത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആ ആശയത്തിനൊപ്പം നിന്ന വിപിഎസ് ഹെൽത്ത് കെയറിനെയും അതിന്റെ ഉടമസ്ഥൻ ഡോ. ഷംസീർ വയലിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഉദ്യമം വിജയകരമായി സാക്ഷാൽക്കരിക്കാൻ കൈകോർത്ത റീബിൽഡ് കേരള ഇനീഷ്യേറ്റീവിനേയും പിന്തുണ നൽകിയ ആരോഗ്യവകുപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു. ജൂലൈ 24-നാണ് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്.
Read Also: ലോക്ക് ഡൗൺ കാലയളവിലും നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം: ദേശീയപാത നിർമ്മാണം റെക്കോർഡ് വേഗത്തിൽ
Post Your Comments