ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധം നടത്തുന്നവരെ കര്‍ഷകര്‍ എന്ന് വിളിക്കരുതെന്ന് ബിജെപി എം.പി മീനാക്ഷി ലേഖി. കാര്‍ഷിക നിയമങ്ങളെ മറയാക്കി പ്രതിഷേധം നടത്തുന്നവര്‍ കര്‍ഷകരല്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി എം.പി.
‘ഒന്നാമതായി പറയാനുള്ളത്, അവരെ കര്‍ഷകരെന്ന് വിളിക്കുന്നത് നിര്‍ത്തുക. കാരണം അവര്‍ കര്‍ഷകരല്ല. കൃത്യമായ ലക്ഷ്യങ്ങളോടെ ഗൂഢാലോചന നടത്തുന്ന ചിലരുടെ പിടിയിലായ ആളുകളാണിത്. കര്‍ഷകരുടെ പേരിലാണ് അവര്‍ ഇതൊക്കെ ചെയ്ത് കൂട്ടുന്നത്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള സമയമില്ല. അവര്‍ സ്വന്തം കൃഷിഭൂമിയില്‍ ജോലി ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന്
ആഗ്രഹമില്ലാത്ത ഇടനിലക്കാര്‍ നിയമിച്ച ആളുകളാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്’- മീനാക്ഷി ലേഖി വ്യക്തമാക്കി.
ഇടനിലക്കാരുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിഷേധമാണ് അരങ്ങേറുന്നതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ മീനാക്ഷി ലേഖി ജനുവരി 26ന് അരങ്ങേറിയ സംഭവങ്ങള്‍ ആരും മറന്നിട്ടില്ലെന്നും പ്രതിപക്ഷമാണ് അത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും വിമര്‍ശിച്ചു.
Post Your Comments