തിരുവനന്തപുരം: വനിത പൊലീസ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തില്‍. പൊലീസിലെ വനിതാ പ്രതിനിധ്യം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായതോടെ പട്ടികയിലെ 60 ശതമാനം പേര്‍ക്കും ജോലി കിട്ടിയില്ല. റാങ്ക് പട്ടിക റദ്ദാകാന്‍ 13 ദിവസം മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ കാരുണ്യം തേടിയാണ് വനിത പൊലീസ് ഉദ്യോഗാര്‍ഥികള്‍ രംഗത്ത് എത്തിയത്. പട്ടിക റദ്ദാകുമ്പോഴും രാജ്യത്ത് തന്നെ ഏറ്റവും കുറവ് വനിതാ പൊലീസുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുകയാണ്.
കോവിഡ് കാലമാണ്. രോഗം പകരുമെന്ന പേടിയുണ്ട്. വീട്ടില്‍ ആശങ്കയോടെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും പ്രായമുള്ള മാതാപിതാക്കളുമുണ്ട്. അതെല്ലാം മറന്ന് ഇവര്‍ക്ക് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു. ഈ ഉറപ്പ് പൊള്ളയായിരുന്നു. വനിത ബറ്റാലിയന്‍ രൂപീകരിച്ചൂവെന്നതിനപ്പുറം വനിതകളെ കൂടുതലായി പൊലീസിലേക്ക് എടുക്കാന്‍ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
കേരള പൊലീസിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും വെറും 9 ശതമാനമായി തുടരുന്നു.അവസാന അഞ്ച് മാസത്തിനിടെ ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കും നടന്നില്ല. അങ്ങനെ മൂന്ന് വര്‍ഷംകൊണ്ട് ഇടത് സര്‍ക്കാര്‍ ജോലി കൊടുത്തത് 533 പേര്‍ക്ക് മാത്രം.
Post Your Comments