Latest NewsIndia

17കാരിയുടെ മൃതദേഹം പാലത്തില്‍ തൂങ്ങിയ നിലയില്‍: മൃതദേഹം പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞെന്ന്‌ പോലീസ്

പെണ്‍കുട്ടി അമ്മാവന്റെ മുഖത്തടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ അരവിന്ദും ഭാര്യയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ തള്ളിയിട്ടു.

ലക്‌നൗ: 17കാരിയെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി. ജീന്‍സ് ധരിക്കരുതെന്നും വെളിയിൽ കറങ്ങി നടക്കരുതെന്നും മുത്തച്ഛനും ബന്ധുക്കളും താക്കീത് നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞത്. മുത്തച്ഛനെയും ഓട്ടോറിക്ഷ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. രണ്ടു അമ്മാവന്മാര്‍ ഒളിവിലാണ്.

17കാരിയുടെ അച്ഛന്‍ പഞ്ചാബിലെ ലുധിയാനയിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തൊടൊപ്പം ലുധിയാനയില്‍ പോയ സമയത്താണ് പെണ്‍കുട്ടി ജീന്‍സ് ധരിക്കാന്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ തിരികെ എത്തിയപ്പോഴും ജീന്‍സ് ധരിക്കുന്നത് തുടര്‍ന്നു. എന്നാല്‍ മുത്തച്ഛനും മറ്റു ബന്ധുക്കളും ഇതിന് എതിരായിരുന്നു. ഗ്രാമത്തില്‍ ജീന്‍സ് ധരിച്ച്‌ പുറത്തിറങ്ങരുത് എന്ന് പറഞ്ഞ് നിരവധി തവണ താക്കീത് ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് കാര്യമാക്കിയിരുന്നില്ല. കൂടാതെ മണിക്കൂറുകളോളം നേരം വീടിന്റെ വെളിയില്‍ ചെലവഴിക്കുന്നതും പതിവായിരുന്നു. ഇതും കുടുംബാംഗങ്ങളുടെ പ്രകോപനത്തിന് കാരണമായതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ച 17കാരി ജീന്‍സ് ധരിക്കുന്നതും പുറത്ത് മണിക്കൂറുകളോളം ചെലവഴിക്കുന്നതും നിര്‍ത്തണമെന്ന് കുട്ടിയുടെ അമ്മയ്ക്ക് അമ്മാവന്‍ അരവിന്ദ് താക്കീത് നല്‍കി. ഇത് കേട്ടു കൊണ്ടാണ് പെണ്‍കുട്ടി വീട്ടില്‍ വന്നത്. ഇതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കമായി. അതിനിടെ പെണ്‍കുട്ടി അമ്മാവന്റെ മുഖത്തടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ അരവിന്ദും ഭാര്യയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ തള്ളിയിട്ടു. മതിലില്‍ ഇടിച്ചുവീണ പെണ്‍കുട്ടി ചോര വാര്‍ന്ന് തത്ക്ഷണം മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി മരിച്ചതോടെ, മൃതദേഹം ഉപേക്ഷിക്കാനുള്ള തത്രപ്പാടിലായി കുടുംബം. ഓട്ടോറിക്ഷ വിളിച്ച്‌ മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാന്‍ കുടുംബം തീരുമാനിച്ചു. ഇതനുസരിച്ച്‌ പത്താന്‍വ പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. എന്നാല്‍ മൃതദേഹം താഴെ പതിച്ചില്ല. പാലത്തിന്റെ ഗ്രില്ലില്‍ തൂങ്ങി കിടക്കുകയായിരുന്നു. ദിയോറിയ ജില്ലയിലാണ് സംഭവം.

കശ്യ- പട്‌ന ദേശീയ പാതയില്‍ പത്താന്‍വ പാലത്തിലെ ഗ്രില്ലില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ മുകളില്‍ നിന്ന് മൃതദേഹം വലിച്ചെറിയുന്നത് കണ്ട വഴിയാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button