Latest NewsKeralaNews

മുഖ്യമന്ത്രി വേട്ടക്കാർക്കൊപ്പം: സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് സുരേന്ദ്രൻ

മുമ്പ് പാർട്ടിയിലെ പല പീഡനങ്ങളും സിപിഎം ഒതുക്കി തീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്

തിരുവനന്തപുരം : സ്ത്രീപീഡന കേസിൽ നിന്നും മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ശശീന്ദ്രൻ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്ന പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെൺകുട്ടിയെ എൻസിപി നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച പരാതി പിൻവലിക്കാൻ മന്ത്രി സംസാരിച്ചിട്ടും അത് എൻസിപി അന്വേഷിക്കട്ടെ എന്ന സിപിഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുമ്പ് പാർട്ടിയിലെ പല പീഡനങ്ങളും സിപിഎം ഒതുക്കി തീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. എൻസിപി അന്വേഷിക്കാനാണെങ്കിൽ പിന്നെ പൊലീസും കോടതിയുമെല്ലാം എന്തിനാണ്? ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെൽഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Read Also  :  സർജറി ചെയ്ത ഭാഗം അവർ   പ്രൊഫൈൽ ചിത്രമാക്കി, വളരെ ഭീകരമായിരുന്നു അത്: ആദി പറയുന്നു

സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സർക്കാർ.വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവർത്തിക്കുകയാണ്. ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് പാർട്ടിയും പോഷക സംഘടനകളും നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button