മഹാമാരിയ്ക്ക് നടുവില്‍ ഒളിമ്പിക്‌സിന് തിരി തെളിയുകയാണ്. ലോകം ഒരു കുടക്കീഴിലേയ്ക്ക് ചുരുങ്ങുന്ന ഏതാനും ദിനങ്ങള്‍. കോവിഡ് കാലത്ത് പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ലെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് കായിക മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളും പേറിയാണ് ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ എത്തിയത്. വെല്ലുവിളികളെ അവസരങ്ങളാക്കി ത്രിവര്‍ണ പതാക വാനോളമുയരുമെന്ന് പ്രത്യാശിക്കാം.
ഒരുപിടി മെഡല്‍ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ കോവിഡിനെ മറികടന്ന് ഒളിമ്പിക്‌സ് വേദിയില്‍ എത്തിയത്. അനിശ്ചിതത്വത്തിന്റെ കാര്‍മേഘമകറ്റി വിശ്വകായിക മേളയ്ക്ക് തിരി തെളിയുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഉറച്ച മെഡല്‍ പ്രതീക്ഷകളായ പി.വി സിന്ധുവും മേരി കോമും ഉള്‍പ്പെടെയുള്ള അനുഗ്രഹീത കായിക താരങ്ങളുടെ പ്രകടനത്തിനായി ഒരു ജനത കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സമ്മാനിച്ച ഹോക്കിയും കരുത്തിന്റെ പ്രതീകമായ ഗുസ്തിയുമെല്ലാം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിലൊരാളായ ബജ്‌രംഗ് പൂനിയ ടോക്കിയോ ഒളിമ്പിക്‌സിലെ ശ്രദ്ധാകേന്ദ്രമാണ്. 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌രംഗ് ഇറങ്ങുമ്പോള്‍ ഒരു സ്വര്‍ണം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ഒളിമ്പിക്‌സില്‍ ഒന്നിലധികം മെഡല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഇനമാണ് ഷൂട്ടിംഗ്. 2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ 19കാരന്‍ സൗരഭ് ചൗധരിയിലാണ് പ്രതീക്ഷയേറെയും. അത്‌ലറ്റിക്‌സില്‍ നാം നേരിടുന്ന നിരാശ ഇത്തവണ നീരജ് ചോപ്രയിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടുള്ള ഏക വനിതാ ബോക്‌സറായ മേരി കോം പതിവുപോലെ തന്നെ അഭിമാനമായി മാറട്ടെ. ചുണ്ടിനരികെ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാന്‍ പി.വി സിന്ധുവിന് സാധിക്കട്ടെ.
സായികോം മീരാബായി ചാനു ഭാരോദ്വഹനത്തിലും ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് മത്സരാര്‍ത്ഥി 45 കാരനായ മൈരാജ് അഹമ്മദ് ഖാന്‍ സ്‌കീറ്റ് ഷൂട്ടിംഗിലും മാറ്റുരക്കുന്നുണ്ട്. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ 18കാരന്‍ ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അത്ഭുതമാകുമെന്നാണ് പ്രതീക്ഷ. അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കുമാരിയും ഭര്‍ത്താവ് അതനുവും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളാണ്. ആശ്വാഭ്യാസത്തില്‍ ഇന്ത്യ ആദ്യമായി യോഗ്യത നേടിയെന്ന പ്രത്യേകതയുമുണ്ട്. ബംഗളൂരു സ്വദേശിയായ ഫൗആദ് മിര്‍സയാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഇക്വസ്ട്രിയനില്‍ മത്സരിക്കുക. ഫെന്‍സിംഗിലും ചെന്നൈ സ്വദേശിനി ഭവാനി ദേവിയിലൂടെ ഇന്ത്യ അരങ്ങേറ്റം കുറിക്കും. സാനിയ മിര്‍സ ഉള്‍പ്പെടുന്ന ഡബിള്‍സ് സംഘം ടെന്നീസിലും ജിംനാസ്റ്റിക്‌സില്‍ പ്രണതി നായകും ഇന്ത്യയെ പ്രതിനിധീകരിക്കും. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ സുശീല്‍ കുമാര്‍ എന്നിവര്‍ ഇത്തവണ കളിക്കളത്തില്‍ ഇല്ല.
മഹാമാരിക്കാലത്ത് നടത്തുന്ന ഒളിമ്പിക്‌സിനെതിരെ വിമര്‍ശനങ്ങളുടെ ഘോഷയാത്രയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവന് പരിഗണന നല്‍കുന്നതിന് തന്നെയാണ് മുന്‍ഗണന എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഒളിമ്പിക്‌സ് നടത്തിപ്പിലെ മറുഭാഗം ആരും കാണാതെ പോകരുത്. ഒരു ഒളിമ്പിക് മെഡല്‍ എന്ന ജീവിതാഭിലാഷവുമായി നടക്കുന്ന ആയിരക്കണക്കിന് കായിക താരങ്ങളുണ്ട്. ഒളിമ്പിക്‌സ് റദ്ദാക്കിയാല്‍ അവരുടെ ഇത്രയും കാലത്തെ കഠിനാധ്വാനവും സമര്‍പ്പണവും പാഴായിപ്പോകുമെന്ന കാര്യത്തില്‍ സംശയമില്ല. അറിയപ്പെടുന്നവരും അല്ലാത്തവരുമായി വിശ്വ കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ കാത്തിരിക്കുന്നവരുടെ നഷ്ടം നികത്താനോ അടുത്ത അവസരത്തിനായി കാത്തിരിക്കൂ എന്ന് സമാധാനിപ്പിക്കാനോ ആര്‍ക്കുമാവില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് താരങ്ങളുടെ കഴിവിനെ രാകിമിനുക്കിയ പരിശീലകരുടെയും അഭിമാന നേട്ടത്തിനായി കാത്തിരിക്കുന്ന രാജ്യങ്ങളുടെയും വലിയ പ്രതീക്ഷകള്‍ തകര്‍ന്നുപോകാനും പാടില്ല. എന്നാല്‍, കോവിഡ് കാലത്തെ ഒളിമ്പിക്‌സ് നമ്മെ എവിടെ എത്തിക്കുമെന്ന് പറയാനാകില്ല. എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. തീ പാറുന്ന പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കാം.
Post Your Comments