ന്യൂഡല്‍ഹി: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ എതിര്‍പ്പ് മറികടന്നു പഞ്ചാബ് പി.സി.സി. അധ്യക്ഷനായ നവ്‌ജോത് സിങ് സിദ്ദു, പുതിയ സ്‌ഥാനലബ്‌ധിയില്‍ ഹൈക്കമാന്‍ഡിനോടു നന്ദി രേഖപ്പെടുത്തി. തന്റെ ‘കോണ്‍ഗ്രസ് പാരമ്ബര്യം’ ഉയര്‍ത്തിക്കാട്ടിയായിരുന്നു പാര്‍ട്ടി സംസ്‌ഥാനാധ്യക്ഷനായശേഷം ബി.ജെ.പി. മുന്‍നേതാവുകൂടിയായ സിദ്ദുവിന്റെ ആദ്യപ്രതികരണം. പരോക്ഷമായി മുഖ്യമന്ത്രി അമരീന്ദർ സിങിനെ കൊട്ടാനും സിദ്ദു മറന്നില്ല.
അമരീന്ദറിന്റെ ആവശ്യപ്രകാരം പുതിയ പി.സി.സി. അധ്യക്ഷനൊപ്പം ഹിന്ദു, ദളിത് വിഭാഗങ്ങളില്‍നിന്നുള്ള നാലു വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. എന്നാല്‍, അവരിലാരും അമരീന്ദര്‍ നിർദേശിച്ചവരല്ലെന്നതു പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ സിദ്ദുവിനെ ഒഴിവാക്കി നാളെ എം.എല്‍.എ മാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും വിരുന്ന് ഒരുക്കിയിരിക്കുകയാണ് അമരീന്ദര്‍ സിങ്ങ്. കൂടാതെ മന്ത്രിസഭ അഴിച്ചുപണി ചര്‍ച്ചകള്‍ ആരംഭിക്കാനും അമരീന്ദര്‍ പദ്ധതിയിടുന്നുണ്ട്.
അധ്യക്ഷനായി തെരഞ്ഞെടുത്ത സിദ്ദുവിനും നാലു വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ഇന്നലെ പഞ്ചാബി പി.സി.സി ആസ്ഥാനത്ത് സ്വീകരണം നല്‍കിയിരുന്നു. മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും അമരീന്ദര്‍ സിങ്ങ് വിട്ടു നിന്നു.
അമരീന്ദര്‍ – സിദ്ധു കലഹം അവസാനിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനെയടക്കം ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്. ഈ സാഹചര്യത്തില്‍, വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അടിയന്തര ഇടപെടലിനും സാധ്യതയുണ്ട്.
Post Your Comments