ജയ്പൂര്‍: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ആശങ്ക. നിര്‍ണായകമായ ജയ്പൂര്‍ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എട്ടോളം സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് സ്വതന്ത്രരുടെ പരാതി. ഇതിന് പിന്നാലെ എട്ട് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇക്കാര്യം വ്യക്തമാക്കി സ്വതന്ത്രര്‍ മുഖ്യമന്ത്രിക്ക് കത്തയക്കാനാണ് തീരുമാനം.
വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുകയാണെന്നും ജനങ്ങളോട് എന്ത് മറുപടി പറയണമെന്നുമാണ് സ്വതന്ത്ര കൗണ്‍സിലറായ രോഹിത് കുമാര്‍ ചോദിക്കുന്നത്. പിന്തുണ കൊടുത്തപ്പോള്‍ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താമെന്ന് വാക്ക് നല്‍കിയിരുന്നുവെന്നും ഇതുവരെ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുപോലുമില്ലെന്നും മറ്റൊരു സ്വതന്ത്ര കൗണ്‍സിലറായ സഹീദ് നിര്‍ഭന്‍ പറഞ്ഞു. ജയ്പൂര്‍ കോര്‍പ്പറേഷനില്‍ 47 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാന്‍ 4 സീറ്റുകള്‍ കൂടി വേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ സ്വതന്ത്രരെ കൂടെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം തട്ടിക്കൂട്ടിയത്.
Post Your Comments