തൃശ്ശൂര്‍ : സി.പി.എം നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‌റെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പു നടന്നന്നെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ബാങ്കിലെ കുറി നടത്തിപ്പില്‍ മാത്രം അന്‍പത് കോടി രൂപയുടെ തിരിമറി നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളും ഇതിനൊപ്പം പുറത്തുവന്നു. ബാങ്കില്‍ നൂറുകോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരിക്കുന്നത്.
ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മാത്രം ഒന്നരക്കോടിരൂപയിലധികം കുറവുണ്ടെന്ന് കണ്ടെത്തി. സി.പി.എം. നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരില്‍ എടുത്ത 22.85 കോടി രൂപ മുഴുവന്‍ കിരണ്‍ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ തെളിഞ്ഞിട്ടുണ്ട്.
Post Your Comments