തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയുടെ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പോലീസിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. നിലവില്‍ ഇരിങ്ങാലക്കുട പോലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വന്‍ തുകയുടെ തട്ടിപ്പ് ആയതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് തട്ടിപ്പിനിരയായവരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി രൂപയുടെ വന്‍ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ ദിവസം ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇന്ന് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് അതീവ ഗൗരവമുള്ളതാണെന്ന് പരിഗണിച്ചു കൊണ്ടു കൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റോക്കെടുപ്പിലും ബാങ്കിന്റെ മാസതവണ ചിട്ടിയിലുമാണ് പുതുതായി തട്ടിപ്പ് കണ്ടെത്തിയത്.
46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ചിലര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഭരണ സമിതി പിരിച്ചുവിട്ടാണ് സിപിഎം മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്.
Post Your Comments