തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോര്‍ഡ് വാക്‌സിനേഷന്‍. 3,43,749 പേര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.
1,504 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യ തലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 46,041 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. 39,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ലയാണ് രണ്ടാമത്. എല്ലാ ജില്ലകളും 10,000ത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി എന്ന പ്രത്യേകതയുമുണ്ട്.
പ്രതിദിനം രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിന്‍ വന്നതോടെയാണ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,43,551 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,21,47,379 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 48,96,172 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
Post Your Comments