കൊച്ചി: 2008 മുതല്‍ നിലവിലുള്ള ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ ആര്‍.ഇ.ജി.പി, പി.എം.ആര്‍.വൈ.എന്നീ പദ്ധതികള്‍ കൂടിച്ചേര്‍ന്നാണ് പി.എം.ഇ.ജി.പി. എന്ന പദ്ധതി നിലവില്‍ വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജന്‍സികള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാത്രവും, ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും പട്ടണ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നു. ആകെ പദ്ധതി വിഹിതം 30:30:40 എന്ന അനുപാതത്തിലാണ്.
പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം എന്നതാണ് പിഎംഇജിപിയുടെ പൂര്‍ണരൂപം. സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ചതാണ് പിഎംഇജിപി. സംരംഭകര്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ ഏഴ് വര്‍ഷമായി, കൃത്യമായി പറഞ്ഞാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ എങ്ങനെയാണ് ഈ പദ്ധതി കേരളത്തില്‍ നടപ്പിലയാത് എന്നാണ് പരിശോധിക്കുന്നത്.
ഏഴ് വര്‍ഷത്തില്‍ 252 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ കേരളത്തില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. പതിനായിരത്തില്‍പരം ഗുണഭോക്താക്കള്‍ക്കാണ് ഇത് ലഭിച്ചത്. വിവരാവകാശ പ്രവര്‍ത്തകനായ ഗോവിന്ദന്‍ നന്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.
കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തില്‍ അനുവദിച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ഏഴ് വര്‍ഷം കൊണ്ട് 252 കോടി രൂപയാണ് കേരളം ഈ പദ്ധതിപ്രകാരം അനുവദിച്ചിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ അഞ്ച് വര്‍ഷത്തില്‍ മൊത്തം 147.4736 കോടി രൂപയാണ് കേരളത്തില്‍ ലഭ്യമാക്കിയത്. 7,104 ഗുണഭോക്താക്കള്‍ക്കായിട്ടാണ് ഇത്രയും തുക ലഭ്യമാക്കിയത്. 2018-2019 കാലത്താണ് ഗുണഭോക്താക്കളുടെ എണ്ണവും വിതരണം ചെയ്ത തുകയും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ വര്‍ഷം കൂടി ആയിരുന്നു അത്. ഈ കാലയളവില്‍ 2448 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത് 53.3436 കോടി രൂപ ആയിരുന്നു.
അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിഎംഇജിപിയില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം 31,969 ആയിരുന്നു. ഇതില്‍ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചത് ആകെ 9,195 പേര്‍ക്ക് മാത്രമാണ്. മൊത്തം അപേക്ഷകരുടെ മൂന്നില്‍ ഒന്ന് പേര്‍ക്ക് പോലും ഈ സഹായം ലഭിച്ചിട്ടില്ല എന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന ആക്ഷേപം.
Post Your Comments