ഡെന്മാർക്ക് : പ്രമുഖ ഡാനിഷ് കാര്‍ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു(86). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രവാചകന്‍ മുഹമ്മദിന്റെ വിവാദ കാര്‍ട്ടൂണ്‍ വരച്ചത് കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് ആയിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ഈ കാര്‍ട്ടൂണിനെ തുടര്‍ന്ന് ലോകത്തെമ്ബാടും ഇസ്ലാം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാര്‍ട്ടൂണ്‍ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഫ്രഞ്ച് മാസികയായ ഷാര്‍ലെ എബ്ദോ 2006 ല്‍ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും ആക്രമങ്ങളും ഉണ്ടായി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. 2011 നവംബറിലാണ് ഷാര്‍ലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ല്‍ ഷാര്‍ലെ ഹെബ്ദോ വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ എഡിഷന്‍ പ്രസിദ്ധീകരിച്ചു. മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നായിരുന്നു വിമര്‍ശനം.
ഡെന്മാര്‍ക്കിലും കാര്‍ട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. മുസ്ലീം രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ ഡെന്മാര്‍ക്ക് സര്‍ക്കാരിന് പരാതിയും നല്‍കി.കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് വെസ്റ്റര്‍ഗാര്‍ഡ് ആദ്യം ഒളിവില്‍ പോയെങ്കിലും പിന്നീട്, ഡെന്മാര്‍ക്കിലെ അര്‍ഹസില്‍ കനത്ത സുരക്ഷയുള്ള വീട്ടിലേക്ക് പരസ്യമായി താമസം മാറി. 2008 ല്‍ വെസ്റ്റര്‍ഗാഡിനെ വധിക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2010 ലും വെസ്റ്റര്‍ഗാഡിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ വധശ്രമത്തിന് പിടിയിലായിരുന്നു. ആയുധവുമായാണ് ഇയാള്‍ വെസ്റ്റര്‍ഗാഡിന്റെ വസതിയില്‍ എത്തിയത്.
വധശ്രമങ്ങള്‍ തുടര്‍ന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രഹസ്യ അഡ്രസുകളിലായിരുന്നു വെസ്റ്റര്‍ഗാഡിന്റെ പിന്നീടുള്ള ജീവിതം. 2005 ല്‍ 12 എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റില്‍ വന്നത്. ഇതില്‍ ഭൂരിഭാഗവും പ്രവാചകന്‍ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാര്‍ട്ടൂണിനെതിരെ ഡെന്‍മാര്‍ക്കില്‍ പ്രതിഷേധം ഉയരുകയും കാര്‍ട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാര്‍ട്ടൂണുകളെന്നായിരുന്നു വെസ്റ്റര്‍ഗാര്‍ഡിന‍്റെ വിശദീകരണം.
ലോകവ്യാപകമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമാണ് കാര്‍ട്ടൂണിനെ തുടര്‍ന്നുണ്ടായത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളെ വധിക്കാനും ഡാനിഷ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ചില സംഘടനകള്‍ ആഹ്വാനം ചെയ്തു. പലയിടങ്ങളിലും ഡാനിഷ് എംബസികള്‍ ആക്രമിക്കപ്പെടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു.കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments