Latest NewsIndia

അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ ലഡാക്കില്‍ ഇന്ത്യ നിര്‍മ്മിക്കുന്നത് നാല് വിമാനത്താവളങ്ങളും 37 ഹെലിപാഡുകളും

പതിവിന് വിപരീതമായി വര്‍ദ്ധിത വീര്യത്തോടെ ഇന്ത്യ സൈനിക നീക്കം നടത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു.

ലഡാക്ക് : അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് ചൈനയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മോദി സര്‍ക്കാര്‍. അതിര്‍ത്തിയില്‍ ചൈനയെ നേരിടുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ നാല് വിമാനത്താവളങ്ങളും 37 ഹെലിപാഡുകളും നിര്‍മ്മിക്കും. ഇതിനായുള്ള പ്രാരംഭ നടപടികള്‍ ദ്രുത വേഗത്തിലാണ് നീങ്ങുന്നത്.

വലിയ വിമാനങ്ങള്‍ എളുപ്പത്തില്‍ ലാന്റു ചെയ്യുന്നതിന് അനുയോജ്യമായ നാല് പുതിയ വിമാനത്താവളങ്ങള്‍ക്കുള്ള ഭൂമി കണ്ടെത്തല്‍ പൂര്‍ത്തിയായി കഴിഞ്ഞു. വേഗത്തിലുള്ള സേനാ നീക്കത്തിനായാണ് ഇത്. ഭൂമി തിരിച്ചറിയല്‍ നടപടികളും പ്രാഥമിക ചര്‍ച്ചകളും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. ലഡാക്കില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന 37 ഹെലിപാഡുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ ചിനൂക്ക് സി എച്ച്‌ 47 ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന ഹെലിപാഡുകളാണ് നിര്‍മ്മിക്കുന്നത്.

ഇതിന് പുറമേ സമാധാന കാലത്ത് ലഡാക്കിലേക്ക് ടൂറിസം വ്യാപിപ്പിക്കുവാനും ഇപ്പോഴത്തെ നിര്‍മ്മിതികള്‍ കരുത്താവും. അതിര്‍ത്തി മേഖലയില്‍ നിര്‍മ്മിക്കുന്ന റോഡുകളുമായി ഇവ ബന്ധപ്പെടുത്തുകയും ചെയ്യും.കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷമാണ് ലഡാക്കില്‍ ഇന്ത്യ അതിവേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മാസങ്ങളോളം അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യവും യുദ്ധസമാനമായി സൈനിക നീക്കം നടത്തിയിരുന്നു. പതിവിന് വിപരീതമായി വര്‍ദ്ധിത വീര്യത്തോടെ ഇന്ത്യ സൈനിക നീക്കം നടത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു.

ഒടുവില്‍ ബീജിംഗ് സൈന്യത്തെ പിന്‍വലിക്കാന്‍ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഉദ്ദേശം 50,000 സൈനികരെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ഇന്ത്യ മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഇവിടങ്ങളിലെ മൊത്തം സൈനികരുടെ എണ്ണം 200,000 കവിഞ്ഞിരിക്കുകയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 40 ശതമാനത്തിലധികം വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button