ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ടുണീഷ്യയില്‍ നാലാം തരംഗമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് മൂന്നാം തരംഗം ആരംഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കുകയാണ്. അവശ്യ മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനുള്ള പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്ത് കോവിഡിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും മൂര്‍ധന്യത്തിലെത്തിയപ്പോള്‍ മരുന്നുകളുടെ ലഭ്യതക്കുറവ് പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. മൂന്നാം തരംഗത്തില്‍ ഇത് സംഭവിക്കാതിരിക്കാനായി റെംഡിസീവിര്‍, ഫാവിപിരവിര്‍ എന്നിവ സംഭരിക്കാനാണ് തീരുമാനം. ഇതിന് പുറമെ, പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ സംഭരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments